Thursday, May 21, 2020

ജ്ഞാനപ്പാനയിലേക്ക്

കാലിക്കറ്റ് യൂണിവേഴ്സിറ്റി BA/B Sc ഒന്നാം സെമസ്റ്റർ കോമൺ കോഴ്സ് മലയാള സാഹിത്യം 1

ജ്ഞാനപ്പാന



 കേൾക്കാ  ഇവിടെ ക്ലിക്ക് ചെയ്യുക


സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലർ

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതി കെട്ടു നടക്കുന്നിതു ചിലർ;

ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു

കുഞ്ചിരാമനായാടുന്നിതു ചിലർ

കോലകങ്ങളിൽ സേവകരായിട്ടു

കോലംകെട്ടി ഞെളിയുന്നിതു ചിലർ

ശാന്തിചെയ്തു പുലർത്തുവാനായിട്ടു

സന്ധ്യയോളം നടക്കുന്നിതു ചിലർ;


അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും

ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ;

അഗ്നിസാക്ഷിണിയായൊരു പത്നിയെ

സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;

സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ

ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ;

വന്ദിതന്മാരെക്കാണുന്ന നേരത്തു

നിന്ദിച്ചത്രെ പറയുന്നിതു ചിലർ;

കാൺക നമ്മുടെ സംസാരംകൊണ്ടത്രേ

വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ;

ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു

ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ;

അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ

അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ;

സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും

എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ;

മത്തേഭം കൊണ്ടു കച്ചവടം ചെയ്തും

ഉത്തമതുരഗങ്ങളതുകൊണ്ടും

അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു-

മെത്ര നേടുന്നിതർത്ഥം ശിവ! ശിവ!


വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും

അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!

അർത്ഥമെത്ര വളരെയുണ്ടായാലും

തൃപ്തിയാകാ മനസ്സിന്നൊരു കാലം.

പത്തു കിട്ടുകിൽ നൂറു മതിയെന്നും

ശതമാകിൽ സഹസ്രം മതിയെന്നും

ആയിരം പണം കയ്യിലുണ്ടാകുമ്പോൾ

അയുതമാകിലാശ്‌ചര്യമെന്നതും

ആശയായുള്ള പാശമതിങ്കേന്നു

വേറിടാതെ കരേറുന്നു മേല്‌ക്കുമേൽ.


സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ

സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാർ

ചത്തുപോം നേരം വസ്ത്രമതുപോലു-

മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും

പശ്‌ചാത്താപമൊരെള്ളോളമില്ലാതെ

വിശ്വാസപാതകത്തെക്കരുതുന്നു.

വിത്തത്തിലാശപറ്റുക ഹേതുവായ്‌

സത്യത്തെ ത്യജിക്കുന്നു ചിലരഹോ!

സത്യമെന്നതു ബ്രഹ്‌മമതുതന്നെ

സത്യമെന്നു കരുതുന്നു സത്തുക്കൾ.


വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാനെന്നു നടിക്കുന്നിതു ചിലർ;

കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.

കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ

തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും.


രുത്തുക

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും

മണ്ടിമണ്ടിക്കരേറുന്നു മോഹവും;

വന്നുവോണം കഴിഞ്ഞു വിഷുവെന്നും,

വന്നില്ലല്ലോ തിരുവാതിരയെന്നും,


കുംഭമാസത്തിലാകുന്നു നമ്മുടെ

ജന്മനക്ഷത്രമശ്വതിനാളെന്നും,

ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തിൽ

സദ്യയൊന്നുമെളുതല്ലിനിയെന്നും,

ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു

ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും,

കോണിക്കൽത്തന്നെ വന്ന നിലമിനി-

ക്കാണമന്നന്നെടുപ്പിക്കരുതെന്നും

ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ

ചത്തുപോകുന്നു പാവം ശിവ! ശിവ!


എന്തിനിത്ര പറഞ്ഞു വിശേഷിച്ചും

ചിന്തിച്ചീടുവിനാവോളമെല്ലാരും.

കർമ്മത്തിന്റെ വലിപ്പവുമോരോരോ

ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും

കാലമിന്നു കലിയുഗമായതും

ഭാരതഖണ്ഡത്തിന്റെ വലിപ്പവും

അതിൽ വന്നു പിറന്നതുമിത്രനാൾ

പഴുതേതന്നെ പോയ പ്രകാരവും

ആയുസ്സിന്റെ പ്രമാണമില്ലാത്തതും

ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.


ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ

വന്നുകൂടും പുരുഷാർത്ഥമെന്നതും

ഇനിയുള്ള നരകഭയങ്ങളും

ഇന്നു വേണ്ടുംനിരൂപണമൊക്കെയും.

എന്തിനു വൃഥാ കാലം കളയുന്നു?

വൈകുണ്‌ഠത്തിന്നു പൊയ്‌ക്കൊൾവിനെല്ലാരും

കൂടിയല്ലാ പിറക്കുന്ന നേരത്തും


കൂടിയല്ലാ മരിക്കുന്ന നേരത്തും

മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു

മത്സരിക്കുന്നതെന്തിന്നു നാം വൃഥാ?